ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

കൊടുവള്ളിയിലെ  ആദ്യകാല പൊതുപ്രവര്‍ത്തകനായിരുന്ന പി.ടി ആലിക്കുട്ടി ഹാജിയുടെ നേതൃത്വത്തിലുള്ള ജനകീയ കമ്മിറ്റിയുടെ കമ്മിറ്റിയുടെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1959  ല്‍ കൊടുവള്ളി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്വര്‍ണ്ണ വ്യാപാരിയായിരുന്ന എം പി അബൂ സാഹിബിന്റെ കെട്ടിടത്തിലെ ഒരു കൊച്ചു മുറിയിലാണ് ബ്ലോക്ക് ഓഫീസിന്റെ തുടക്കം. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ച് ഒരു ഏക്കര്‍ ഭൂമി ഉളിയാടന്‍ കുന്നുമ്മല്‍ വെള്ളനില്‍ നിന്നും വിലകൊടുത്തു വാങ്ങി. കൊടുവള്ളി പഞ്ചായത്ത് പ്രസിഡണ്ടും പൊതുകാര്യ പ്രസക്തനുമായിരുന്ന ശ്രീ. പി.കെ പരീക്കുട്ടി അധികാരി ഒരു ഏക്കര്‍ ഭൂമി സൌജന്യമായി നല്‍കി.  ഈ രണ്ട് ഏക്കര്‍ സ്ഥലത്താണ് ബ്ലോക്ക് ഓഫീസിന് ഒരു സ്ഥിരം കെട്ടിടം നിര്‍മ്മിച്ചത്.  1961ല്‍ അന്നത്തെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. പി. പി ഉമ്മര്‍ കോയയാണ് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

കോഴിക്കോട് നഗരത്തില്‍ നിന്നും ഏകദേശം 23 കിലോമീറ്റര്‍ അകലെ കോഴിക്കോട് വയനാട് റോഡില്‍ കൊടുവള്ളി ടൌണിന്റെ മധ്യഭാഗത്തുള്ള പഴയ ബ്ലോക്ക് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനിലാണ് ഇപ്പോള്‍ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണിത്.  മലയോരമേഖല ഉള്‍പ്പെടെ ഒമ്പത്  ഗ്രാമ പഞ്ചായത്തുകള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്നു. മടവൂര്‍, കിഴക്കോത്ത്, ഓമശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ, താമരശ്ശേരി, എന്നിവയാണ് അവ. അതിരുകള്‍ കിഴക്ക് നിലമ്പൂര്‍ ബ്ലോക്കും വയനാട് ജില്ലയും പടിഞ്ഞാറ് ചേളന്നൂര്‍ ബ്ലോക്കും വടക്ക് ബാലുശ്ശേരി ബ്ലോക്കും തെക്ക് കുന്നമംഗലം ബ്ലോക്കും അരിക്കോട് ബ്ലോക്കുമാണ്.

പ്രക്യതിരമണീയമായ വയനാടന്‍ കുന്നുകളുടെയും (പശ്ചിമഘട്ട മലനിരകള്‍) താമരശ്ശേരി ചുരത്തിന്റെയും പരിരംഭണമേറ്റുകിടക്കുന്ന കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ പകുതിയിലേറെ ഭാഗങ്ങളും മലയോരമേഖലകളാണ്.  കുന്നുകളും മലകളും നിറഞ്ഞ ഈ കീഴ്ക്കാംതൂക്കായ പ്രദേശത്ത് പശിമരാശി മണ്ണും കറുത്ത എക്കല്‍ മണ്ണും ആണ് കാണപ്പെടുന്നത്.  താഴ്വാരങ്ങളില്‍ വെട്ടുകല്ല് കലര്‍ന്ന മണ്ണും കൂടാതെ കളിമണ്ണിന്റെ അംശമുള്ള മണ്ണും ജൈവാംശം കലര്‍ന്ന മണ്ണ്, ചരല്‍മണ്ണ് എന്നിവയും കാണപ്പെടുന്നു. ഫലഭൂയിഷ്ഠമായ മണ്ണും 300 സെന്റിമീറ്റര്‍ അധികം ലഭിക്കുന്ന മഴയും മെച്ചപ്പെട്ട കാലാവസ്ഥയും ഇവിടുത്തെ പ്രത്യേകതകളാണ് .പശ്ചിമഘട്ടത്തില്‍ നിന്നും ഉല്‍ഭവിച്ച പടിഞ്ഞാറോട്ടൊഴുകുന്ന ഒട്ടനവധി നീര്‍ച്ചാലുകളാല്‍  സമ്പന്നമാണീ ബ്ലോക്ക് പഞ്ചായത്ത്. പടിഞ്ഞാറ് പൂനൂര്‍ പുഴയും, കിഴക്ക് ചെറുപുഴയും വടക്ക് ഇരുവഞ്ഞിപ്പുഴയും ഉള്ള ഈ പ്രദേശം  ജലസമ്യദ്ധിയില്‍ സമ്പന്നമാണ്.  കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തുഷാരഗിരി  വെള്ളച്ചാട്ടം,  തിരുവമ്പാടിയിലെ അരിപ്പാറ വെള്ളച്ചാട്ടം, അനുഗ്രഹീതമായ വെള്ളരിമല, സ്വര്‍ഗ്ഗംകുന്ന് എന്നിവ ടൂറിസത്തിന് അനന്തസാധ്യതകളുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറിയിരിക്കുന്നു.

കുടിയേറ്റ കര്‍ഷകരുടെ കഠിനാധ്വാനത്താല്‍ തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ തുടങ്ങിയ മലയോര പഞ്ചായത്തുകളിലെല്ലാം റബ്ബര്‍, തെങ്ങ്,കവുങ്ങ്, കുരുമുളക് എന്നിവയുടെ കൃഷി സമ്യദ്ധമായി. ബ്ലോക്ക് പ്രദേശത്തെ മറ്റു ഗ്രാമ പഞ്ചായത്തുകളിലും ഏറ്റക്കുറച്ചിലോടെ ഇവയെല്ലാം കൃഷി ചെയ്യുന്നു. കൂടാതെ വാഴ, കപ്പ മറ്റു ഇടവിള കൃഷികള്‍ എന്നിവയുമുണ്ട്.  എന്നാല്‍ റബ്ബറിന്റെ വിലക്കുറവ് തെങ്ങിന്റെ മണ്ഡരി രോഗം, കവുങ്ങിന്റെ മഞ്ഞളിപ്പ് തുടങ്ങിയവ കാര്‍ഷിക മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. വന്യമ്യഗങ്ങള്‍ നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് വന്‍ നഷ്ടമുണ്ടാക്കുന്നു.

വനവും മരങ്ങളും മനുഷ്യന്റെ ആര്‍ത്തി സംസ്കാരത്തിന് മുന്നില്‍ അന്യമാകുമ്പോള്‍ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഉത്തമ ഉദാഹരണങ്ങളാണ് പുല്ലൂരാംപാറയിലെയും വട്ടപ്പാറയിലെയും ഉരുള്‍പൊട്ടലുകള്‍. ഈ മേഖലകളില്‍ പ്രക്യതിദുരന്ത സാധ്യതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പശ്ചിമഘട്ടമലനിരകള്‍ ചുരത്തുന്ന നീര്‍ച്ചാലുകളും പ്രക്യതിദത്ത നീരുറവകളും നമ്മുടെ  ഇടപെടലുകള്‍ കാരണം ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

എല്ലാ ഗ്രാമ പഞ്ചായത്തുകളിലും റബ്ബര്‍ കൃഷി വ്യാപകമായതോടെ ജൈവവൈിധ്യത്തിന് ഉലച്ചില്‍ തട്ടിയിട്ടുണ്ട്. സങ്കരയിനം കാലിവളര്‍ത്തലില്‍ ക്ഷീരകര്‍ഷകര്‍ വളരെയധികം താല്‍പര്യം കാണിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നു.  ജില്ലയെ പാലില്‍ സ്വയം പര്യാപ്തമാക്കുന്നതും കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകര്‍ഷകരാണ്.  നെല്‍വയലുകളും മേച്ചില്‍ സ്ഥലങ്ങളും കുറഞ്ഞു കുറഞ്ഞു  വരുന്നത് ആട് വളര്‍ത്തല്‍, പശുവളര്‍ത്തല്‍ എന്നിവയ്ക്കും ഭീഷണിയാവുകയാണ്.

കോഴിക്കോട് വയനാട് കൊല്ലഗല്‍ ദേശീയപാതയും, കൊയിലാണ്ടി – താമരശ്ശേരി  എടവണ്ണ സംസ്ഥാനപാതയും ബ്ലോക്ക് പ്രദേശങ്ങളിലൂടെ കടന്നുപോകുന്നു.  കൂടാതെ കൊടുവള്ളി ഓമശ്ശേരി തിരുവമ്പാടി,  കൂടത്തായി – കോടഞ്ചേരി, കോടഞ്ചേരി – കൈതപ്പൊയില്‍, താമരശ്ശേരി – വരിട്ട്യാക്, കൊടുവള്ളി – നരിക്കുനി, കൊടുവള്ളി – എളേറ്റില്‍ വട്ടോളി തുടങ്ങിയ പ്രധാന പാതകളും ഒട്ടനവധി ഗ്രാമീണ റോഡുകളും ബ്ലോക്ക് പ്രദേശത്തെ ഗതാഗതം വിപുലപ്പെടുത്തുന്നു. താലൂക്ക് ആശുപത്രി താമരശ്ശേരി, കോടഞ്ചേരിയിലെ കൂടുംബാരോഗ്യ കേന്ദ്രം, എല്ലാ ഗ്രാമ പഞ്ചായത്തുകളിലും പ്രാഥമികരോഗ്യ കേന്ദ്രങ്ങളും ആതുര ശുശ്രൂഷരംഗത്ത് സേവനം നല്‍കുന്നു.  സ്വകാര്യമേഖലയില്‍ നിരവധി ആശൂപത്രികളും ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.

പരമ്പരാഗത തൊഴിലുകള്‍ എല്ലാം മാന്ദ്യം സംഭവിച്ചു തുടങ്ങിയപ്പോള്‍ തന്നെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി വിദേശരാജ്യങ്ങളിലേക്ക് പോവാന്‍ തുടങ്ങി മലയോര മേഖലകളില്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ വന്‍കരകളെ തേടിപോയപോള്‍ മറ്റു പ്രദേശങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആണ് പോയത്. വിദേശത്തുനിന്നയക്കുന്ന പണമാണ് സമ്പത്ത് വ്യവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നത്.  ബ്ലോക്ക് പ്രദേശത്ത് നിര്‍മാണ രംഗത്താണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നത്.  ഒന്നര വര്‍ഷക്കാലമായി കോവിഡ് 19 ഈ മേഖലകളെയും മന്ദഗതിയിലാക്കിയിട്ടുണ്ട്.  നമ്മുടെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി വിദേശത്തേക്ക് പോയപ്പോള്‍ ഇങ്ങോട്ട് ഇതര സംസ്ഥാന തൊഴിലാളികളുടെ കുടിയേറ്റം വ്യാപകമായി വിവിധ മേഖലകളില്‍ ഇപ്പോള്‍ അവരാണ് പ്രധാനമായും തൊഴിലുകളെല്ലാം ചെയ്യുന്നത്. വിദഗ്ധ അവിദഗ്ധ തൊഴിലുകളെല്ലാം ബംഗാളികള്‍, ബീഹാറികള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.  ഇത് പുതിയൊരു തൊഴില്‍ സംസ്കാരം സ്യഷ്ടിക്കുന്നു.  തൊഴിലുറപ്പ് തൊഴിലാളികള്‍ ആണ് പ്രത്യേകിച്ചും വനിതകള്‍ ആണ് മറ്റൊരു മേഖല പ്രവര്‍ത്തിക്കുന്നതും കുടുംബം പുലര്‍ത്തുന്നതും. പട്ടികജാതി പട്ടികവര്‍ഗ മേഖലകളില്‍ ഇപ്പോഴും കാര്യമായ സാമ്പത്തിക ഉന്നമനം ഉണ്ടായിട്ടില്ല.

സാക്ഷരതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ബ്ലോക്കില്‍ ഒന്നാണിത്. മൊത്തം 90.76 % ആണ് സാക്ഷരതാനിരക്ക്.  അതില്‍ പുരുഷന്മാര്‍ 95% പിന്നിട്ടിരിക്കുന്നു. സാക്ഷരത പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നുവരുന്നു. ലൈബ്രറി കൌണ്‍സില്‍ അംഗീകാരം നേടിയ 18 ലൈബ്രറികള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തുണ്ട്.  ഗ്രാമീണ വായനശാല കെട്ടിടങ്ങളും അടിസ്ഥാന സൌകര്യങ്ങളും ഒരുക്കുന്ന പ്രവര്‍ത്തികള്‍ ചെയ്തുവരുന്നുണ്ട്.

സംസ്കാരം കല യുവജനകാര്യ വിഷയത്തില്‍ യുവജന ബോര്‍ഡിന്റെ സഹായത്തോടെ ബ്ലോക്ക് തല കേരളോല്‍സവങ്ങള്‍ നടത്തിവരുന്നു. ബ്ലോക്ക് പരിധിയില്‍ പ്രവര്‍ത്തിച്ചുവരുന്ന തിരുവമ്പാടിയിലെ മലബാര്‍ സ്പോര്‍ട്സ് അക്കാദമി,  കയാക്കിംഗിന് പേരുകേട്ട കോടഞ്ചേരിയിലെ പുലിക്കയം പോലുള്ള സംവിധാനങ്ങള്‍            കായികയിനങ്ങളുടെ പ്രോത്സാഹനത്തിന് മികച്ച സംഭാവനകള്‍ നല്‍കി വരുന്നു.